കൊടിഞ്ഞി, ചെന്നിക്കുത്ത് (Migraine)

0

*കൊടിഞ്ഞി ¦ ചെന്നിക്കുത്ത് ¦ Migraine*

പലരെയും അലട്ടുന്ന ഒരു തരം തലവേദന. ചിലപ്പോള്‍ അസഹ്യമാകാം. വെളിച്ചത്തെയും ശബ്ദത്തെയും സഹിക്കാന്‍ പറ്റാതെ വരിക, കണ്ണ് തുറക്കാന്‍ വിഷമിക്കുക, ഓക്കാനം, ചര്‍ദ്ദി തുടങ്ങിയ വിഷമതകള്‍ ഉണ്ടാകുക തുടങ്ങി പല വിഷമങ്ങള്‍ ഉണ്ടാകാം. രാവിലെയോ വൈകുന്നേരമോ പതിവായി ഒരേ സമയത്ത് ഉണ്ടാകാം. സൂര്യോദയത്തോടെ വേദന ഉണ്ടാകുന്നതിന് സൂര്യാവര്‍ത്തം എന്ന് പേര്. രാവിലെ ഉണ്ടാകുന്ന വേദനയെ സൂര്യക്കൊടിഞ്ഞി എന്നും വിളിക്കാറുണ്ട്. പഴയ കേട്ടറിവ് പ്രകാരം വയറ്റിനു പിടിക്കാത്ത ആഹാരം കഴിച്ചാല്‍, വെയിലടിക്കാതെ വീട്ടിനുള്ളില്‍ ജീവിച്ചു ശീലിച്ചവരില്‍ പെട്ടന്നു വെയില്‍ ഏല്‍ക്കേണ്ടി വരുമ്പോള്‍, കണ്ണിന്റെ അസുഖം മൂലം ഒക്കെ ഈ തലവേദന ഉണ്ടാകാം. തലച്ചോറിലെ രക്തപ്രവാഹത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം കൊടിഞ്ഞി ഉണ്ടാകുന്നു

🌲കൊടിഞ്ഞിയ്ക്ക് പെരിങ്ങലം കൊണ്ടുള്ള പ്രയോഗം അനുഭവത്തില്‍ ക്ഷിപ്രഫലദായകമായി കണ്ടിട്ടുണ്ട്. ചെയ്തു നോക്കിയവര്‍ തിരികെ വന്നു പറഞ്ഞിട്ടുണ്ട്. തലവേദന ഉണ്ടാകുമ്പോള്‍ പെരിങ്ങലത്തിന്റെ തളിരില തൊട്ടുരിയാടാതെ പറിച്ചെടുത്ത് കൈവെള്ളയിലിട്ടു വെള്ളം തൊടാതെ ഞെരുടി പിഴിഞ്ഞു നീരെടുത്ത് കാലിന്റെ പെരുവിരലിന്റെ നഖത്തില്‍ ഒഴിച്ച് തളംകെട്ടി നിര്‍ത്തിയാല്‍ അല്പം സമയം കൊണ്ട് തലവേദന മാറും. ഒരുവേരന്‍, പെരിങ്ങലം, പെരുകിലം, പെരുക്, പെരു, വട്ടപ്പെരുക് അങ്ങനെ പല പേരുകള്‍ ഉണ്ട് ഈ ഔഷധസസ്യത്തിന്. വലതുവശത്താണ് വേദന തോന്നുന്നതെങ്കില്‍ ഇടത്തേ കാലിലെ പെരുവിരല്‍നഖത്തിലും, ഇടതുവശത്താണ് വേദന തോന്നുന്നതെങ്കില്‍ വലത്തേ കാലിലെ പെരുവിരല്‍നഖത്തിലും ആണ് ഒരുവേരന്റെ നീര് ഒഴിച്ചു നിര്‍ത്തേണ്ടത്. ഒരുവേരനാണ് ഏറ്റവും ഫലപ്രദമെങ്കിലും പകരം തുമ്പ സമൂലം പിഴിഞ്ഞ നീരോ, കൃഷ്ണതുളസി ഇലയുടെ നീരോ, മുയല്‍വിയന്റെ നീരോ ഉപയോഗിച്ചാലും ഫലം കിട്ടും.

🌲അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടുകയും അക്കിക്കറുക വെള്ളം തൊടാതെ ചതച്ചു പിഴിഞ്ഞെടുത്ത നീര് നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്യുകയും ചെയ്താലും കൊടിഞ്ഞി മൂലം ഉള്ള തലവേദന ശമിക്കും. ചുവന്നുള്ളി ചതച്ചു വെള്ളത്തില്‍ ഇട്ട്, ആ വെള്ളം അരിച്ചെടുത്ത്, രണ്ടു നാസാദ്വാരങ്ങളിലും നസ്യം ചെയ്യുന്നതും കൊടിഞ്ഞി തലവേദന ശമിക്കാന്‍ സഹായിക്കും.

🌲മായമില്ലാത്ത വെളിച്ചെണ്ണയില്‍ ഒരു കഷണം ഉണക്കമഞ്ഞള്‍ മുക്കി നിലവിളക്കിന്റെ നാളത്തില്‍ കത്തിച്ച്, നന്നായി കത്തുമ്പോള്‍ മഞ്ഞളിലെ തീയ് കെടുത്തി, ഒരു കടലാസുകുമ്പിള്‍ ഉപയോഗിച്ച് മഞ്ഞളില്‍ നിന്ന് ഉയരുന്ന പുക നല്ലവണ്ണം ശ്വസിച്ചാല്‍ കൊടിഞ്ഞിക്കുത്ത് ശമിക്കും.

🌲നല്ല മഞ്ഞള്‍പ്പൊടി ആവണക്കെണ്ണയില്‍ കുഴച്ച് വൃത്തിയുള്ള തുണിയില്‍ തേച്ചു പിടിപ്പിച്ച്, ആ തുണി തിരിയാക്കി കത്തിച്ച് പുകവലിച്ചാല്‍ തലവേദന പെട്ടന്നു ശമിക്കും.

🌲മുക്കുറ്റി തൊട്ടുരിയാടാതെ പറിച്ചെടുത്ത് നന്നായി അരച്ച് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്ക് പെട്ടന്ന് ആശ്വാസം കിട്ടും.

🌲പൂവാംകുറുന്നില, കീഴാര്‍നെല്ലി, കായം മൂന്നും നന്നായി ചതച്ചു ചേര്‍ത്ത് തലയില്‍ വേദന തോന്നുന്ന വശത്തിന്റെ വിപരീതവശത്തെ കൈയ്യുടെ പെരുവിരലില്‍ വെച്ചുകെട്ടുക, ഇടയ്ക്കിടെ നനച്ചു കൊടുക്കുക, തലവേദന ശമിക്കും.

🌲കാട്ടുകടുക് (കരിങ്കടുക്) ഇടിച്ചു പിഴിഞ്ഞ് സത്ത് എടുത്ത് സമം നല്ലെണ്ണ ചേര്‍ത്തു കാച്ചി നെറ്റിയിലും ചെന്നിയിലും നിറുകയിലും ഇട്ടാല്‍ ചെന്നിക്കുത്ത് ശമിക്കും.

🌲പതിവായി ത്രിഫലാചൂര്‍ണ്ണം തേനില്‍ ചാലിച്ചു കഴിക്കുന്നത്‌ കൊടിഞ്ഞി മൂലം കഷ്ടപ്പെടുന്നവരില്‍ ഗുണം ചെയ്യും. വേവിച്ച ഉഴുന്നുപരിപ്പ് രാത്രിയില്‍ കിടക്കുംമുമ്പ് കഴിച്ച്, പിറകെ പാല്‍ കുടിക്കുന്നതും കൊടിഞ്ഞി കൊണ്ടു വിഷമിക്കുന്നവര്‍ക്ക് ഗുണകരമാണ്.

🌲കരിംജീരകമോ, അയമോദകമോ പൊടിച്ച് ചെറിയ കിഴിയാക്കി കെട്ടി ഇടയ്ക്കിടെ മണപ്പിക്കുക; തലവേദന ശമിക്കും.

🌲ചുക്ക് നന്നായി പൊടിച്ചത് വെള്ളത്തില്‍ ചാലിച്ചു കുഴമ്പുപരുവമാക്കി നെറ്റിയിലിട്ടാല്‍ തലവേദന ശമിക്കും.

🌸…കൃതഹസ്തരായ വൈദ്യന്‍മാരരില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇവ. വെറുതെ എടുത്തു പ്രയോഗിക്കരുത്. പ്രയോഗിക്കുംമുമ്പ് അറിവുള്ള വൈദ്യന്മാരുടെ ഉപദേശം തേടുക…

കുറിപ്പ് . ഒട്ടുമിക്കതും സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ ഒസ്യത്തില്‍ നിന്നാണ്. പഠിക്കുക….

Leave a Reply