ക്ഷേത്രരഹസ്യവും ദേവതകളും. (ഭാഗം – 70)

0

സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

എന്തുകൊണ്ടാണ് സമൂഹം അക്രമങ്ങളിലേയ്ക്കും രോഗങ്ങളിലേയ്ക്കും പതിക്കുന്നത്?

ബുദ്ധിജീവികളും സാമൂഹികപരിഷ്കർത്താക്കളും മാനവചേതനയെ സ്നേഹസീമയിലേക്ക് വളർത്തിക്കൊണ്ടു വരണം. കലയും സാഹിത്യവും മാധ്യമങ്ങളുമെല്ലാം ഈ വഴിയിൽ വളരുമ്പോൾ സർഗചേതനയുണർന്ന് , സംഹാരദേവത ശാന്തമായി സൃഷ്ടിസ്ഥിതികളുടെ അന്യൂനമായ തലങ്ങൾ രൂപാന്തരപ്പെടും. ആധുനികകാലം സംഹാരദേതയ്ക്ക് കളം വരയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ; സംഹാരതാണ്ഡവത്തിന് പന്തം കൊളുത്തുകയാണ് ; ഓരോ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും കോശങ്ങളിൽ സംഹാരദേവത ഉയരുകയാണ്. ഒരു കൊച്ചുകുട്ടിക്ക് ഒന്നു വാങ്ങി കൊടുത്താൽ അത് സംരക്ഷിക്കാനല്ല, അതിന്റെ പുതുമയും തിളക്കവും മാറും മുൻപേ അത് നശിപ്പിക്കുകയോ വലിച്ചെറിയുകയോ ആണ് ചെയ്യുന്നത്. പണം കൊടുത്ത് എന്തും വാങ്ങുക ; വാങ്ങിക്കൂട്ടുകയോ വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യുക – സംഹാരദേവതകളത്രയും സജീവമായിരിക്കുന്നു. പണത്തിന്റെ കളിയിലൂടെയുള്ള ദേവത നമ്മുടെ മാർക്കറ്റുകൾ മുഴുവൻ നൃത്തമാടുകയാണ് . ഇത് വരുത്തിവെച്ചൊരു ദാരിദ്ര്യം ഭയാനകമാണ്. *സമ്പന്നതയുടെ നടുവിലെ ദാരിദ്ര്യം ഭീകരംതന്നെയാണ്*. അതേസമയം, ത്യാഗം കൊണ്ടുള്ള ദാരിദ്ര്യത്തിന്റെയും ബ്രഹ്മചര്യത്തിന്റെയുമൊക്കെ സംസ്ഥാപകമായൊരുതലത്തിൽ നില്ക്കുമ്പോഴാണ് ഒരുവന്റെ കോശങ്ങൾക്ക് ശക്തിയുണ്ടാകുന്നത്.

തന്നിലെ സംഹാരദേവതയെ നിയന്ത്രിച്ചു നിർത്തുകയും ഒപ്പം തന്നിലെ സൃഷ്ടിയ്ക്കുതകുന്നതല്ലാത്തവയെ മുഴുവൻ സംഹരിക്കാനുള്ള ദേവതയെ ജാജ്ജ്വല്യമാക്കി നിർത്തുകയും ചെയ്യുക – തന്നോടുള്ള അസൂയക്കാരനെയും എതിർക്കുന്നവനെയും ഒപ്പംതന്നെ അനുകൂലിക്കുന്നവനെയും സ്നേഹിക്കുന്നവനെയുംമെല്ലാം നോക്കിക്കണ്ട് – അവരിൽ ഓരോരുത്തരിലുമിരിക്കുന്ന സൃഷ്ടിയുടെ ദേവതയെ തനിക്ക് അനുഗുണമാക്കിക്കൊണ്ടും ; അവരിൽ രൂപപ്പെടുന്ന സ്ഥൈതികമായ നിലനില്പിന്റെ ദേവതയെ ഉപയോഗിച്ചു കൊണ്ടും ; അവരിൽ ഏതു നിമിഷവും സജീവമായി വരാവുന്ന സംഹാരദേവതകളെ ഉച്ചാടനം ചെയ്തുകൊണ്ടും ഒരുവന് കളിക്കാനാവുക ! ഒരുവനിങ്ങനെ തന്റെ കളിക്കളത്തിൽ ഇറങ്ങുമ്പോഴുണ്ടാകുന്ന കളികളത്രയും രഹസ്യാത്മകവും ആനന്ദപ്രദവുമാകുന്നു. അപ്പോഴാണ്, ഏതൊന്നിന്റെയും വിജയത്തിൽ, ഐശ്വര്യങ്ങളിലൊക്കെ ഈ അനുനയങ്ങളുടെ മുഴുവൻ ഒരു ഭാഷയിരിക്കുന്നത്. ഇവിടെ അല്പംപോലും സംഘർഷമില്ലാതെയാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും പ്രവർത്തിക്കുന്നത്. ഈ പ്രക്രിയയ്ക്കു പകരം സംഹാരദേവത ജാജ്ജ്വല്യമാനമാകുമ്പോഴാണ് തനിക്കകത്തും പുറത്തും ദുരന്തങ്ങൾ പെറ്റുപെരുകുന്നതും രോഗങ്ങളിലേക്കും മൃത്യുവിലേക്കുമുള്ള യാത്രയുണ്ടാകുന്നതും. ദേവതാനുഷ്ഠാനത്തിന്റെ ഈയൊരു തലത്തിൽ, നാം നമ്മെയും നമ്മുടെ ചുറ്റുപാടുകളെയും നോക്കിക്കണ്ട് രോഗങ്ങളെയും സംഘർഷങ്ങളെയും ആക്രമങ്ങളെയും വിലയിരുത്താൻ ശ്രമിക്കണം. തന്നിലെയും തന്റെ ചുറ്റുപാടുകളിലെയും സംഹാരദേവതകൾ ഉണരാതിരിക്കാൻ ശ്രദ്ധിച്ചാൽ, രോഗാവസ്ഥകളും പാരിസ്ഥിതികങ്ങളായ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കും ; വനവത്കരണം സ്വച്ഛന്ദം നടക്കും; മാനവരുടെ മനസ്സും ശരീരവും ഇണങ്ങിപ്പോകും ; എങ്ങുമെവിടെയും സർഗാത്മകത നിലനില്ക്കും – ഇതൊക്കെയാണ് ദേവതാവിജ്ഞാനത്തിന്റെ പ്രയോജനം.

ഭരണാധികാരികൾ അറിവുള്ളവരും ഉത്തമന്മാരുമാണെങ്കിൽ, സൃഷ്ടിയുടെ ഈയൊരു രഹസ്യമറിഞ്ഞുവേണം ഓരോ സൃഷ്ടിക്കും അനുമതി കൊടുക്കാൻ . അതുകൊണ്ട് സൃഷ്ടിക്കു പിന്നിലെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയണം. സൃഷ്ടിയിലേർപ്പെടുന്നവർ, സൃഷ്ടിക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ എടുക്കേണ്ടതുണ്ട്. തയ്യാറെടുക്കേണ്ടത് കോശദ്രവീകരണത്തിലാണ്. സൃഷ്ടിയിലെല്ലാം രണ്ടെണ്ണത്തിന്റെ ചേർച്ചയുണ്ട്. സ്ഥിതിയിലെല്ലാം അതിന്റെ സംയോഗവുമുണ്ട്. സംഹാരമെന്നത് ഈ സംയോഗത്തിന്റെ വിഘടനവുമാണ് . നിശ്ചേഷ്ടമായൊരു ചൈതന്യം, ചേഷ്ടകളില്ലാത്ത കേവലമായൊരു ചൈതന്യം – ഇതിൽ ചേഷ്ടകളുള്ള ഒരു ചൈതന്യവുമായുള്ള സംയോഗമാണ് സൃഷ്ടിക്കു കാരണം. ഇതിനെയാണ് ഷഡ് ശൈവമെന്നും ശാക്തേയമെന്നും പ്രാചീനർ പറയുന്നത്. ശക്തിയില്ലെങ്കിൽ ശിവനും ശവമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.
തുടരും…

Leave a Reply