ക്ഷേത്രരഹസ്യവും ദേവതകളും (ഭാഗം – 71)

0

സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

ദേവതകളെ പഠിക്കുമ്പോൾ ശക്തി സ്ഫുരിക്കുന്ന ചൈതന്യത്തെ പ്രത്യേകം പഠിക്കണം. കോശങ്ങളിലെല്ലാം ശൈവശാക്തേയചേർച്ചകളുണ്ട് ; സംയോഗമുണ്ട്. അതുകൊണ്ട് പുരുഷൻ സ്ത്രീയിലും സ്ത്രീ പുരുഷനിലും ഇങ്ങനെ നിശ്ചേഷ്ടമായി കിടപ്പുണ്ട്. ഇങ്ങനെ ചലനമില്ലാതെ കിടക്കുന്ന പുരുഷനിലെ സ്ത്രീത്വം ചലിക്കുമ്പോഴാണ് – പുരുഷന് സ്ത്രീയോടുള്ള ആഗ്രഹത്തിനു കാരണമാകുന്നത് ; ചലനമില്ലാതെ കിടക്കുന്ന പുരുഷനാണ് സ്ത്രീക്ക് പുരുഷനോടുള്ള ആഗ്രഹമുണ്ടാക്കുന്നത്. തുടർന്നുള്ള ഇതിന്റെ സംയോഗഭൂവിലാണ് സൃഷ്ടി നടക്കുന്നത്. എവിടെ സൃഷ്ടി നടക്കുന്നുവോ , അവിടെയെല്ലാം ഈ ചേർച്ച അനിവാര്യമാണ്. ഇത് വിയോജിക്കുമ്പോൾ മാത്രമാണ് സംഹാരമുണ്ടാകുന്നത്. അതുകൊണ്ട് ചേർച്ച സമ്യക്കാണോയെന്നാണ് നോക്കേണ്ടത്. സമ്യക്കാണ് ചേർച്ചയെങ്കിൽ അനുഭവിക്കുന്നവനെ ആനന്ദിപ്പിക്കും. ആനന്ദിപ്പിക്കുന്നില്ലെങ്കിൽ ചേർച്ച സമ്യക്കല്ലെന്ന് തീർച്ച. ഇതാണ് സംയോഗസങ്കല്പങ്ങളിലെ ആധുനിക കാലസൃഷ്ടിയും പൗരാണിക കലാസൃഷ്ടിയും തമ്മിലുള്ള അന്തരം. സ്ത്രീപുരുഷ അടിമത്തമെന്നും ദുരാചാരമെന്നുമൊക്കെ പറഞ്ഞ് പ്രാചീനസംയോഗസങ്കല്പങ്ങളെ , പാശ്ചാത്യപഠനങ്ങളെ പിൻപറ്റി എതിർക്കുന്നവർ , ഇന്ത്യൻ മണ്ണിലൂടെ ഒരു യാത്രയ്ക്കു തയ്യാറായാൽ മനസ്സിലാകും ബേലൂർ, ഹലേബേഡു, പട്ടടകല്ല് , ഐ ഹോൾ ,ലേപാക്ഷി , മഹാബലിപുരം മുതലായ ഇടങ്ങളിലൊക്കെ എത്തുമ്പോൾ തങ്ങളെ ശാന്തരാകുന്നുണ്ടോയെന്ന്. ഇവയിൽ പലതും ഇടിഞ്ഞുപൊളിഞ്ഞിട്ടുകൂടി , ഇവയുടെയൊക്കെ മുന്നിലെത്തുമ്പോൾ തന്നിൽ സൃഷ്ടിയുടെയും സ്ഥിതിയുടെയും ചൈതന്യങ്ങളാണോ നിറയുന്നത് എന്നൊന്ന് നോക്കണം. അതുകൊണ്ടല്ലേ , അവയൊക്കെ തങ്ങളെ ശാന്തരാക്കുന്നതെന്നു പരിശോധിക്കണം. രണ്ടായിരവും മൂവായിരവും കൊല്ലങ്ങൾക്കുമുമ്പുള്ള ഈ ശില്പഗോപുരങ്ങളത്രയും പഴയ പ്രതാപൈശ്വര്യങ്ങളില്ലാതിരുന്നിട്ടും , ഇവയ്ക്കു മുന്നിലെത്തുമ്പോൾ പാശ്ചാത്യരെപ്പോലും അവയുടെ ഫോട്ടോയെടുക്കാനും വരച്ചെടുക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് , അവ തങ്ങളിലെ സൃഷ്ടിചൈതന്യം ഉണർത്തുന്നതുകൊണ്ടുമാത്രമാണ്. ആധുനികകാലത്ത് ഇവയെ വെല്ലുന്നതെന്ന് അവകാശപ്പെട്ട് കോടാനുകോടികൾവരെ ചെലവാക്കി എത്രയോ ആരാധനാലയങ്ങളും വ്യവസായസമുച്ചയങ്ങളും പണിതിട്ടുണ്ട്. അവയ്ക്കൊക്കെ മതിലുകളും കാവൽക്കാരുമുണ്ട്. ഇവയെക്കുറിച്ച് പറയാൻ ഗൈഡുകളുമുണ്ടാകും. എന്നിട്ടും ഇവയ്ക്കൊക്കെ മുന്നിലിരിക്കുമ്പോൾ തന്നിൽ സൃഷ്ടിചൈതന്യമുണർന്ന് തന്നെ സൃഷ്ട്യുന്മുഖനാക്കുകയാണോയെന്ന് സ്വയം പരിശോധിക്കണം. പലപ്പോഴും നമ്മിലൊരു അസ്വസ്ഥതയാണ് ഉണ്ടാക്കുക. ഇവയൊക്കെ സ്ഥിതിചെയ്യുന്ന സ്ഥലം പണിതിരിക്കുന്ന രീതി, അതിനുപയോഗിച്ച ദ്രവ്യങ്ങളുടെ ചേഷ്ടിതം, പണിയാനുപയോഗിച്ച ദ്രവ്യം, പണിതവരുടെ മനസ്സുകൾ ഇവയൊക്കെ അസ്വസ്ഥമായി, അസ്വസ്ഥതകളുടെ കേശദാരമായിത്തീരുകയും ചെയ്തതുകൊണ്ടാണ് അവയ്ക്കു മുന്നിലെത്തുന്നവരിൽ സംഹാരദേവത ഉണരുന്നതും അവരെ അശാന്തരാക്കുന്നതുമെന്ന് അറിയണം. അതേസമയം പ്രാചീനതയുടെ ആ ലോകങ്ങളിൽ ഇരിക്കുമ്പോൾ നിങ്ങളെയവ ശാന്തരാക്കുകയും നിങ്ങളിലെ നൈസർഗികചോദനകൾ ഉണരുകയും സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവതകൾ ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഗംഗയുടെയും യമുനയുടെയും ഗോദാവരിയുടെയും സരസ്വതിയുടെയും തീർഥസങ്കേതങ്ങളിൽ അല്പനേരം ഒന്നിരുന്നുനോക്കുക ; വനത്തിന്റെ വന്യതയും സരസ്സിന്റെ മനോഹാരിതയും ഒന്നു നുകരുക – നിങ്ങളൊരു രോഗിയായിട്ടാണ് പോയിരിക്കുന്നതെങ്കിൽ , അതിനു മുൻപേ ടെസ്റ്റുകളെല്ലാം ചെയ്തു നോക്കണം. എന്നിട്ട് തിരിച്ചുവന്ന് വീണ്ടും ടെസ്റ്റുകളൊക്കെ ചെയ്തു നോക്കണം – നിങ്ങളുടെ കൊളസ്ട്രോളും പ്രഷറും പ്രമേഹവുമൊക്കെ കുറഞ്ഞുവെങ്കിൽ , അന്ന് പ്രാചീനർ സൃഷ്ടിച്ച ദേവതാസങ്കല്പങ്ങളെ സാന്ത്വനിപ്പിക്കാൻപോന്നതാണ് അവയെന്ന് തിരിച്ചറിയാനാകും.

തന്നിൽ ഉണരുന്ന സൃഷ്ടിയുടെ ഒരു ആഗ്രഹംതന്നെ തന്നിലെ സംഹാരദേവതയെ ഉറക്കലാണ്. കൈലാസാചലത്തിൽ സമാധിലീനനായി ഇരിക്കുന്ന ശിവൻ തന്നിൽ എരിയുന്ന സംഹാരദേവതയെ , അഗ്നിയെ, സംവർത്തകാഗ്നിയെ സദാസൂക്ഷിക്കുന്ന മൂന്നാംകണ്ണ് തുറക്കാതെ ഇരിക്കുന്ന ശിവൻ. മഹായാഗത്തിൽ തന്നെ നിന്ദിച്ചിട്ടും മഹായാഗത്തിനു തന്നെ ക്ഷണിക്കാതിരുന്നിട്ടും ആ കണ്ണ് ശിവൻ തുറന്നില്ല. പിതാവിന്റെ ആജ്ഞയെ അനുസരിക്കുന്ന പാർവതി , പിതൃയാഗത്തിന് ക്ഷണിക്കാതിരുന്നിട്ടും പിതൃസന്നിധിയിലെത്തി നിന്ദിതയായിട്ടാണ് സ്വശരീരത്തെ ദഹിപ്പിച്ചു കളഞ്ഞത്. അപ്പോൾ മാത്രമാണ് ആ മൂന്നാം കണ്ണ് തുറക്കപ്പെട്ടത്. അതുകൊണ്ട് സൃഷ്ടിയെ പരിലാളിക്കുന്നതും സ്ഥിതിക്ക് അനുകൂലമായി നിർത്തുന്നതും ആ അടഞ്ഞ കണ്ണുകളാണെന്ന് അറിയണം. തന്റെ നിയന്ത്രണത്തിലിരിക്കുന്ന സംഹാരത്തിന്റെ രൗദ്രശക്തിയെ ഉണർത്തുന്നിടത്തെല്ലാം സംവർത്തകാഗ്നിയുണർന്ന് സംഹാരതാണ്ഡവമാടാൻ ഇടയാകും. അതുകൊണ്ടാണ് അന്തച്ഛിദ്രങ്ങൾ നടമാടുന്ന ആധുനികമാനവന്റെ മനസ്സുകളിൽ ഉയർന്നിരിക്കുന്നത് സംഹാരദേവതയുടെ സംഹാരതാണ്ഡവമാണെന്ന് വിലയിരുത്തുന്നത്. യൂണിവേഴ്സിറ്റികളും ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും സംഹാരദേവതയെ ഉയർത്താനാണ് ഇത്രയും കാലം അക്ഷീണം പ്രയത്നിച്ചതെന്ന് പറയേണ്ടി വരുന്നത്.

സൃഷ്ടിയുടെ ഭാവചൈതന്യം സുഷുപ്തിയിലാണ് കിടക്കുന്നത്. അത് സുഷുപ്തമായി കിടക്കുമ്പോൾ നമ്മെ അസ്വസ്ഥമാക്കും. അതേസമയം സംഹാരഭാവം സുഷുപ്തമാകുമ്പോൾ നമ്മെ ശാന്തമാക്കുകയും ചെയ്യും. ഒന്ന് സൃഷ്ടിയ്ക്കുവാനുള്ള ആഗ്രഹം കിടപ്പുണ്ടെങ്കിൽ അത് നമ്മെ അസ്വസ്ഥരാക്കുന്നു. മാനവനിൽ അദമ്യമായി കിടക്കുന്ന സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവതാസങ്കല്പങ്ങൾ സമ്യക്കായി ഉണർന്നുവരുമ്പോൾ , സമ്യക്കായി പരിപാലിച്ചുവരുമ്പോൾ അന്യൂനമായൊരു ശാന്തിയുടെ ഒരു പ്രവാഹനിത്യത അനുഭവിക്കാം. കർമ്മത്തിനിടയിൽ ഈ പ്രവാഹനിത്യത എവിടെയെങ്കിലും തടയപ്പെടുമ്പോൾ അത് ദുഷിക്കുകയും അശാന്തിയുളവാക്കുകയും ചെയ്യും. അഭൗമവും അലൗകികവുമായ ശാന്തി ലഭിക്കാൻ, നിതാന്തമായ സൃഷ്ട്യുന്മുഖചേതന നിഷ്കളങ്കമായി കർമവ്യാപാരങ്ങളുടെ നിത്യനിരന്തമായ പ്രവാഹത്തിലൊഴുകുമ്പോഴും സംഹാരാത്മകമായ പ്രവാഹത്തിലൊഴുകുമ്പോഴും സംഹാരാത്മകമായ ദേവത ധ്യാനാത്മകമായി സമാധിസ്ഥമായി ഇരിക്കണം. അപ്പോൾ മാത്രമാണ് ശാന്തിയും ആനന്ദവും ലഭിക്കുക. ഇവിടെയാണ് തന്നിലെ സംഹാരത്തെ ധ്യാനാത്മകമായി നിർവിചാരസമാധിയുടെ , നിർവികല്പസമാധിയുടെ തലത്തിൽ കൈലാസാചലത്തിൽ തൃക്കണ്ണ് അടച്ച്, തന്നിലെ അഗ്നി പുറത്തേക്കു വരാതെ ശിവൻ ഇരിക്കുന്നുവെന്ന കല്പന അർത്ഥപൂർണകുന്നത്.

തുടരും……

Leave a Reply