ക്ഷേത്രരഹസ്യവും ദേവതകളും ഭാഗം -72

0

സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

ജീവൻ അതിന്റെ സംഹാരാത്മകമായ സംവർത്തകാഗ്നിയെ ജ്വലിപ്പിക്കുന്ന പ്രകൃതിയിൽ നിന്ന് അകന്ന് സമുജ്ജ്വലശാന്തിയുടെ നിരാബാധവും നിർവികല്പവും നിർവൃത്തിയുമായ സമാധിയുടെ തലത്തിൽ നിലകൊള്ളുക ; അസ്വസ്ഥമാകാവുന്ന സൃഷ്ടിയെയും സ്ഥിതിയെയും ധ്യാന്മകതയിലേക്ക് വിടാതിരിക്കുകയും , ഉത്പന്നമായ സൃഷ്ടിയുടെയും സ്ഥിതിയുടെയും ആവേഗങ്ങളെ മുഴുവൻ കർമ്മേന്ദ്രിയങ്ങളുടെ ദേവതകൾക്ക് ആവാഹിച്ച് അർപ്പിക്കുകയും ചെയ്ത്, കർമ്മേന്ദ്രിയങ്ങളാൽ കർത്തവ്യമെല്ലാം നിർമായം അനുഷ്ഠിക്കാവുന്നവിധം തുറന്നു കൊടുക്കുകയും ചെയ്ത് , കർമേന്ദ്രിയങ്ങളാൽ കർത്തവ്യമെല്ലാം നിർമായം അനുഷ്ഠിക്കാവുന്നവിധം തുറന്നു കൊടുക്കുകയും ചെയ്യുക – ഇവിടെയാണ്, ദേവതാത്രയം സമുജ്ജ്വലശാന്തിയുടെ സമീചീനമായ ഒരവസ്ഥാന്തരത്തിലേക്കു പ്രവേശിക്കുന്നത്. ഒരു സൃഷ്ടി – സൃഷ്ടിയുടെ വേദന തന്റെ ഈറ്റില്ലത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ മുതൽ താൻ അസ്വസ്ഥനാകുകയാണ്. അപ്പോൾമുതൽ സംഹാരത്തിന്റെ ദേവതയും തന്നിൽ സമുജ്ജ്വലമാകുന്നുണ്ട്. അതുകൊണ്ടാണ് സംഹാരത്തിന്റെ ദേവത സമുജ്ജ്വലമായി, സൃഷ്ടിയെ സംഹരിക്കാനൊരുങ്ങുമ്പോഴും ഭാവാത്മകമായി ആ സൃഷ്ടിയെ താൻ ഏറ്റുവാങ്ങുകയും സൃഷ്ടിയുടെ തലം ശാന്തമായി അനുഭവിച്ചുതീർക്കുകയും ചെയ്യുന്നത്. സൃഷ്ടിയും സ്ഥിതിയും കർമേന്ദ്രിയങ്ങളിൽ നില്ക്കുന്ന ദേവതകളുടെ രംഗമാണെന്ന് ബോധ്യപ്പെട്ട് നിഷ്പടകമായി, നിഷ്കളങ്കമായി, നിഷ്കാമമായി വേണം അവയെ ചെയ്തു തീർത്ത് കടന്നുപോകാൻ. അതിന് ശബ്ദവും സ്പർശവും രൂപവും രസവും ഗന്ധവും – ഇന്ദ്രിയാധിഷ്ഠാത്യദേവതകളുടെ അംഗതലങ്ങളിലേക്ക് കടന്നുചെല്ലേണ്ടത് അച്ചടക്കത്തോടെയാകണം .

ഭാരതീയ ശിവസങ്കല്പം

ഭാരതത്തിന്റെ ആരാധനാസമ്പ്രദായങ്ങളിൽ ഏറ്റവും ഉയർന്നൊരു പ്രതീകമാണ് ശിവൻ; കൈലാസാചലത്തിൽ സമാധിയിലിരിക്കുന്ന ശിവൻ – ആ മൂന്നാം കണ്ണ് തുറന്നാൽ സംഹാരവുമാണ്. സംഹാരമൂർത്തിയുമാണ്. ശിവൻ എന്ന ശബ്ദത്തിന് മംഗളം എന്നാണ് അർത്ഥം. ജ്ഞാനത്തിനുവേണ്ടി ശിവനെ, ശങ്കരനെ ഭജിക്കാനാണ് പറയുക.

‘ ശം കരോതി ഇതി ശങ്കര: ‘ ശം = മംഗളം.
എന്നാൽ, ആ ശങ്കരൻ ധനരഹിതനും എല്ലാ ധനത്തിന്റെയും പ്രഭുവുമാണ്. എല്ലാ ധനത്തിന്റെയും ഉറവിടവുമാണ് ആ ധനരഹിതൻ. ഇങ്ങനെയൊരു വിചിത്രസങ്കല്പത്തിലാണ് ഭാരതീയർ ശിവനെ കൊണ്ടുപോകുന്നത്.

ശിവൻ വൃഷ്ടിയിൽ സഹസ്രാരപത്മത്തിലിരിക്കുന്നു. ഗുരുവെന്നനിലയിൽ ആജ്ഞാചക്രത്തിൽ ഇരിക്കുന്നു. സൃഷ്ടിയുടെ ദേവത ശിവനെ സമ്യക്കായി ചലിപ്പിക്കണമെങ്കിൽ മൂലാധാരത്തിൽ നിന്ന് ചക്രങ്ങളെ ഭേദിച്ച് ശിവശീർഷത്തിലെത്തി ശിവനോടുകൂടി ലാസ്യമാടണം – അതിന്റെ സംയോഗമാണ് ഈ പ്രപഞ്ചം. അങ്ങ് വടക്ക്, ഹിമാലയം. ഇങ്ങ് തെക്ക്, കന്യാകുമാരി. കന്യാകുമാരിയിൽ കന്യകയായ ദേവി വർണമാല്യവുമേന്തി മന്ദം മന്ദം കൈലാസത്തിലേക്ക് ഗമിക്കാൻ പദമൂന്നി നില്ക്കുന്നു. ഭാരതത്തെ ഒരു ശരീരമായി കണക്കാക്കിയാൽ, അങ്ങ് ശിവശീർഷത്തിൽ സമാധിസ്ഥനായിരിക്കുന്ന ശിവന്റെ സവിധത്തിലേക്കു പോകുവാൻ ശക്തിസ്വരൂപിണി മൂലാധാരത്തിൽ ഇരിക്കുന്നു. ഇതൊരു താന്ത്രിക സങ്കല്പമാണ്. കന്യാകുമാരിയിൽ ചെന്നു നോക്കിയാലും അവിടെയൊരു ചെറിയ ഭാരതം കാണാം. ശിവശീർഷത്തിനു താഴെ ചെന്നുനോക്കിയാലും അവിടെയുമൊരു ചെറിയ ഭാരതം കാണാം. ഗംഗയാർ ഒഴുകുന്ന ഋഷീകേശത്തിന്റെ താഴ് വാരത്തിൽ നിന്നുകൊണ്ട് ഹിമവാനെ നോക്കിയാൽ, മഹാസമുദ്രംപോലെ കിടക്കുന്ന ഗംഗയും ശിവശീർഷവും ഒന്നിച്ചു കാണാം. ഇത്തരമൊരു ഭാവനയോടെ കന്യാകുമാരിയിൽ ചെന്ന് മരുത്വാമലയെ നോക്കണം. അത് ഹിമവാനാണെന്ന് അനുഭവപ്പെടും.

ശിവപാർതിസംയോഗത്തിന്റെ സമ്യക്ഭാവങ്ങൾ, സൃഷ്ടിയുടെയും സ്ഥിതിയുടെയും തലങ്ങൾ കടന്ന്, സർവവും ശാന്തമായ തലത്തിൽ സംഹാരരുദ്രൻ ശാന്തനായിത്തീർന്ന് , നിർവികാരനായി സമാധിസ്ഥനാകുന്ന അവസ്ഥ. ഈ ഭാവനയാണ് സന്യാസിമാർ മാതൃകയായി സ്വീകരിക്കുന്നത്. ‘അ’ കാരത്തിന്റെ, ‘ഉ’ കാരത്തിന്റെ, ‘മ’ കാരത്തിന്റെ – ജാഗ്രത് സ്വപ്ന സുഷുപ്തിയുടെയും – ഓംകാരത്തിന്റെ പൊരുളും ഓരോ പാദവും ലയിച്ചു ചേരുന്ന ശിവനെ ധ്യാനാത്മകമായി ഉൾക്കൊണ്ട്, സമ്യക്കായി സംഹാരദേവതയെ വശത്താക്കിയുള്ളൊരു ഓംകാരതലത്തിലാണ്, സംന്യാസിമാർ ശിവനെ ആരാധിക്കുന്നത്. ശവശക്തീസംയോഗത്തിന്റെ തലത്തിലാണ് ഭാരതീയ ഗാർഹസ്ഥ്യം ശിവനെ ആരാധിക്കുന്നത്. ഇവിടെയാണ് ആഗമരഹസ്യമിരിക്കുന്നത് ; ഇവിടെയാണ് മൂലാധാരവും മൂലാധാരചൈതന്യമായ കുണ്ഡലിനിയുടെ ഉയർച്ചയും അത് ചക്രങ്ങളെ ഭേദിച്ചുകടന്നുള്ള സംയോഗവുമൊക്കെ ശ്രദ്ധേയമാകുന്നത്.

തുടരും….

Leave a Reply