പരുക്ക്; ബ്രസീല്‍ താരം നെയ്മറിന് രണ്ട് മാസം വിശ്രമം

0

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ചാംപ്യന്‍സ് ലീഗ് കിരീട മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി. ലോക റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് സ്വന്തമാക്കിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനേറ്റ പരുക്കാണ് പി.എസ്.ജിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാഴ്‌സയ്‌ക്കെതിരായ മത്സരത്തിനിടെ കാലിന് പരുക്കേറ്റ നെയ്മറിനെ സ്‌ട്രെക്ചറിലാണ് കളിക്കളത്തില്‍ നിന്ന് മാറ്റിയത്. പ്രാഥമിക പരിശോധനയില്‍ ഒരാഴ്ച കൊണ്ട് താരത്തിന്റെ പരുക്ക് ഭേദമാകുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യ പുറത്ത് വന്നത്. എന്നാല്‍ നെയ്മറിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ശസ്ത്രക്രിയയടക്കമുള്ള കാര്യങ്ങളും ഒപ്പം രണ്ട് മാസത്തോളം വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് ഫ്രഞ്ച് വമ്പന്‍മാരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടത്. അടുത്ത ദിവസം അരങ്ങേറുന്ന ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെ സ്വന്തം തട്ടകത്തില്‍ നേരിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് നെയ്മറിന്റെ സേവനം ലഭിക്കില്ലെന്നുറപ്പാണ്. ആദ്യ പാദത്തില്‍ 3-1ന് തോറ്റെങ്കിലും ഒരു എവേ ഗോളിന്റെ നേരിയ പ്രതീക്ഷയിലാണ് റയലിനെതിരേ രണ്ടാം പാദത്തിനായി പി.എസ്.ജി ഒരുങ്ങുന്നത്.
ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണോ, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളെ പിന്തള്ളി ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക ലക്ഷ്യമിട്ട് അവര്‍ നടത്തിയ വന്‍ നീക്കമായിരുന്ന നെയ്മറിനെ പാളയത്തിലെത്തിക്കുക എന്നത്.
കോടികള്‍ എറിഞ്ഞ് പി.എസ്.ജി നടത്തിയ നീക്കം വിജയിച്ചെങ്കിലും അവര്‍ ലക്ഷ്യമിട്ട പദ്ധതി ഒറ്റ നിമിഷം കൊണ്ടാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

Leave a Reply