ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -19 [അങ്കുരാർപ്പണം-മഹത്വം]

0

പിന്നെ ഇതൊക്കെ പ്രസവിച്ചാല്‍ ഇതിനെയൊക്കെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളണം എന്നില്ലല്ലോ. റിട്ടയര്‍ഡ് ചീഫ്ജസ്റ്റിസ് ഉള്‍പ്പടെ നില്‍ക്കുകയല്ലേ തിരുവനന്തപുരം തൊട്ടു കാസര്‍ഗോഡ്‌ വരെ ഫ്ലക്സ് ബോര്‍ഡില്‍ പിള്ളാരെ എടുത്തുവളര്‍ത്തുന്ന Rehabilitation center-ന് പണവും ചോദിച്ചുകൊണ്ട്. പിന്നെ ഈ നാടിന് പഞ്ഞമുണ്ടോ? തന്തയ്ക്കും തള്ളയ്ക്കും എന്തിനാ ഈ കുഞ്ഞ്? രണ്ടോ മൂന്നോ ലക്ഷം കൊടുത്ത് ഇതിനെ ഒക്കെ അങ്ങ് ഏല്‍പ്പിക്കുകയാണ്. പിന്നെ അവര്‍ പിരിച്ചോളും ജീവിതകാലം മുഴുവന്‍. രണ്ടു കിഡ്നി ഉണ്ടെങ്കില്‍ ഒന്നെടുത്തു കൊടുക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് എന്നെ തല്ലണം എന്ന് തോന്നുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നുണയാണോ ഞാന്‍ പറയുന്നത്?

അതുപോലെ തന്നെയാണ് വിത്ത് മുളയ്ക്കുമ്പോഴും. പഴയ പാടശേഖരങ്ങള്‍ ഉള്ളവര്‍ക്ക് അറിയാം; ഇപ്പോഴല്ല, ഇപ്പോള്‍ കൃഷിയൊന്നുമില്ല, എല്ലാം മണ്ണിട്ടുനികത്തുകയാണ്, റിയല്‍ എസ്റ്റേറ്റ്‌ ആണ്. രണ്ടു വിതകള്‍ ഉണ്ട് ഈ നാട്ടിലൊക്കെ – അടിച്ചുവിതയെന്നും പൊടിവിതയെന്നും ആണ് പറയുന്നത്. അടിച്ചുവിതയ്ക്കു വേണ്ടി വിത്ത് മുളപ്പിക്കും. വിത്തുമുളയ്ക്കുന്ന സമയത്ത് സകലജീവജാലങ്ങളും അവിടെ എത്തും. പാമ്പ് വരെ ചിലപ്പോള്‍ എത്തും. പറക്കുന്ന പ്രാണികള്‍, ശലഭങ്ങള്‍ ഒട്ടുവളരെയെത്തും. അതൊക്കെ അതില്‍ വന്നുവീഴും. ഒരു വിത്ത് പൊട്ടിമുളയ്ക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നവയും അല്ലാത്തവയുമായ ഒട്ടേറെ ജീവിജാലങ്ങള്‍ വരും. ആ സാധനം നിങ്ങള്‍ കഴിക്കുമ്പോള്‍ ആ ജീവികള്‍, കാണാന്‍ സാധ്യമല്ലാത്ത അണുകൃമികള്‍ നിങ്ങളുടെ ഉള്ളിലേക്ക് ചെല്ലും. അവയ്ക്ക് പലതിനും ഔഷധമില്ല. കാണാന്‍ സാധിക്കുന്നവയും അല്ലാത്തവയുമായ ജീവികള്‍ – മുളപ്പിച്ചത് വേവിച്ചുതിന്നാലോ എന്നൊരു സംശയം ഇങ്ങോട്ടുചോദിക്കാന്‍ വെമ്പല്‍ കൊണ്ടുനില്‍ക്കുന്നുണ്ട് ചിലര്‍. അങ്ങനെ ചെയ്‌താല്‍, അതിന്‍റെ അമിനോ അമ്ലങ്ങള്‍ പരിണമിക്കും, പുതിയ അമിനോ അമ്ലങ്ങള്‍ ശരീരത്തില്‍ ഉണ്ടാകും. അവ നിങ്ങളുടെ മസ്തിഷ്കത്തെ നിയന്ത്രിക്കും, രക്തത്തെ നിയന്ത്രിക്കും. സ്വഭാവത്തെ വരെ നിയന്ത്രിക്കും.

കാലിന്‍റെ ഇടയില്‍ കറുത്തു, ഫംഗസ് ആയി, ഇടയ്ക്കിടെ ചൊറിയുമ്പോള്‍ നഖത്തില്‍ ഒന്നരക്കിലോ കിട്ടും. ഈ പരുവത്തിലിരിക്കുന്ന ഒരാള്‍ക്ക്‌ ഇന്നലെ വരെ ഇല്ലാതിരുന്ന സ്വഭാവസവിശേഷതകള്‍ ഉണ്ടാകുന്നത് ആ അണുക്കള്‍ അയാളുടെ മസ്തിഷ്കത്തെ നിയന്ത്രിക്കുന്നതുകൊണ്ടാണ്. Tension വന്നാല്‍ Psoriasis, Eczema മുതലായ രോഗങ്ങള്‍ കൂടും. കാരണം ആ സൂക്ഷ്മാണുക്കള്‍ അവന്‍റെ സ്വഭാവത്തെ നിയന്ത്രിക്കുന്നു. അവനിലെ ductless ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. അവന്‍റെ കുടുംബബന്ധങ്ങളെ നിയന്ത്രിക്കുന്നു. ദമ്പതിക്രിയയില്‍ ലിംഗോദ്ധാരണത്തെയും മറ്റും നിയന്ത്രിക്കുന്നു. താല്‍പ്പര്യത്തെ നിയന്ത്രിക്കുന്നു. ലൈംഗികമരവിപ്പു പോലെ ഉള്ള അവസ്ഥകളെ ഉണ്ടാക്കുന്നു. ഒരു സൂക്ഷ്മാണു നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ നിയന്ത്രിക്കുന്നതിലേക്കെത്തുമ്പോള്‍, അതിനെ ചുമന്നു ജീവിക്കുകയും അതിനു വേണ്ടി ജീവിക്കുകയും അതിനു ജീവിക്കാന്‍ സന്താനങ്ങളെ പ്രസവിച്ചുകൊടുക്കുകയും ചെയ്യേണ്ടുന്ന ഗതികെടിലേക്ക് മാനുഷ്യകം എത്തുന്നു. നിങ്ങളുടെ ബയോളജിയും, കെമിസ്ട്രിയും, മൈക്രോബയോളജിയും, ബയോകെമിസ്ട്രിയും വെച്ചു പഠിക്കുക. ഇനിയും ഗവേഷണം കഴിഞ്ഞിട്ടില്ലല്ലോ. പ്രാചീനന്‍ ഈ ഗവേഷണമൊക്കെ കഴിഞ്ഞതാണ്.

അപ്പോള്‍ മുളപ്പിച്ചു തിന്നുന്നതല്ല അങ്കുരാര്‍പ്പണം. നവധാന്യങ്ങളുടെ അങ്കുരം അര്‍പ്പിക്കുന്നത് ഭാരതീയ സംസ്കൃതിയില്‍ എല്ലാ ഉദാത്തമായ ചടങ്ങുകളിലും പ്രധാനമാണ്. നവധാന്യങ്ങള്‍ മുളപ്പിച്ച് അര്‍പ്പിക്കും ഈ ചടങ്ങുകളിലെല്ലാം. ഇപ്പോള്‍ നിങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കുന്നത് വിജയദശമിയ്ക്ക് ചില ക്ഷേത്രങ്ങളില്‍ ആണ്. ബാക്കിയൊക്കെ ഏതാണ്ട് നിന്നു. അതും നിന്നുവരികയാണെന്ന് തോന്നുന്നു.

(ശ്രോതാക്കളില്‍ ഒരാളോട്, മറുപടിയായി) വിവാഹത്തിനുണ്ടോ? അപ്പൂര്‍വ്വം എവിടെയെങ്കിലും ഉണ്ടെങ്കിലെ ഉള്ളൂ. ഏതായാലും ഉണ്ടെന്നുപറഞ്ഞത് അദ്ദേഹത്തിന്‍റെ വിവാഹത്തിന്‍റെ കാര്യം ഓര്‍ത്തായിരിക്കും. ഈ അടുത്തയിടെ ചെങ്ങന്നയില്‍ ഒരു ഡോക്ടര്‍ അദ്ദേഹത്തിന്‍റെ കുട്ടിയുടെ വിവാഹത്തിന് പഴയതൊക്കെ തപ്പിപ്പിടിച്ച് ചെയ്തിട്ടുണ്ട്. പൊതുവേ ഇല്ല.

അങ്കുരാര്‍പ്പണവും മറ്റും ഗ്രഹ്യസൂത്രങ്ങള്‍ വളരെ പ്രധാനമായാണ് പറയുന്നത്. ഗോമയം, വല്‍മീകം ഇവയൊക്കെ കൊണ്ടുവരുമായിരുന്നു ഈ ചടങ്ങിന്.

അനേകബീജാനിവ്രീഹ്യാദിസര്‍ഷപാന്താനി – യവം മുതല്‍ കടുക് വരെ – സര്‍ഷപാന്തം മുളപ്പിക്കുക. വ്രീഹി, യവം – ധാന്യങ്ങളെ മോത്തമാണ് വ്രീഹി എന്ന് പറയുന്നത്. എങ്കിലും ശാലി വര്‍ഗ്ഗത്തില്‍ പെട്ട നെല്ലിന് വ്രീഹി എന്ന് പ്രത്യേകം പറയും. മാഷം – ഉഴുന്ന്, എള്ള്, മുതിര, കടുക് തുടങ്ങിയവയൊക്കെ മിശ്രിതമാക്കിയിട്ട് ‘മിശ്രിതസര്‍ഷപാന്‍’… കാരണം “നീയും നിന്‍റെ സന്തതിപരമ്പരകളും ഈ പ്രകൃതിയുമായി യോജിച്ചുപോകണം. വിപുലമായ ഈ ജൈവവൈവിധ്യത്തിന്‍റെ ഒരംശമാണ് നീ”. ആധുനികവിദ്യാഭ്യാസം നേടുന്നവന് നഷ്ടമാകുന്നത് ഇതാണ്. ഭൂമധ്യരേഖയ്ക്കടുത്തായിട്ടും ഭാരതം ലോകത്തിലെ ഒന്നാമത്തെ ജൈവവൈവിധ്യമായി നിലനിന്നത്, മരുഭൂമിയാകാത്തത് ഈ വൈദികമനസ്സു കാരണമാണ്. ലോകത്തിലെ ഒന്നാംകിട ജൈവവൈവിധ്യം ജനാധിപത്യം ആരംഭിക്കുന്നതിന്‍റെ തലേന്നാള്‍ വരെ അങ്ങനെ നിലനിന്നു – നാനൂറു കൊല്ലം വിദേശികള്‍ ഭരിച്ചിട്ടും. ഇന്ത്യന്‍ ജൈവവൈവിധ്യമേഖലയെ തകര്‍ക്കാന്‍ കപ്പയും പുകയിലയും തേയിലയും അവര്‍ കൃഷി ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ സമ്പന്നരാജ്യം – സമ്പത്തിനുവേണ്ടി മാത്രം ലോകം ആശ്രയിച്ച രാജ്യം. ലോകത്തിലെ മുഴുവന്‍ ജനതയും ഏതൊരു രാജ്യത്തിന്‍റെ സമ്പദ്വിഭൂതിയെ ആഗ്രഹിച്ചുവോ, ആ രാജ്യം സമ്പത്തിനു വേണ്ടിയല്ല തേയിലയും കപ്പയും പുകയിലയുമൊക്കെ കൃഷി ചെയ്തത്. അതിന്‍റെ സമ്പത്തിന്‍റെ ആവിര്‍ഭാവകേന്ദ്രങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. അതാണ്‌ പാശ്ചാത്യനു കഴിഞ്ഞത്, ആദ്യമായി.

ഞാന്‍ സമ്പന്നരാജ്യമെന്നു പറഞ്ഞത് നിങ്ങള്‍ക്ക് പിടിച്ചില്ല എന്ന് തോന്നുന്നു. ആയിരത്തിലധികം സംവത്സരം ബ്രിട്ടണും അമേരിക്കയും ഫ്രാന്‍സും ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും പോര്‍ച്ചുഗലും എല്ലാം ഈ രാജ്യത്തിലെക്കെത്താനുള്ള വഴി അന്വേഷിച്ചത് കാണാന്‍ വേണ്ടിയല്ല. ഇവിടുത്തെ സമ്പത്തില്‍ ഭ്രമിച്ചിട്ടാണ്. ചരിത്രം ശ്രദ്ധിച്ചുപഠിച്ചാല്‍ അത് മനസ്സിലാകും. വാസ്കോഡഗാമ ഇന്ത്യയിലേക്ക്‌ വന്നത് ഈ നാട്ടുകാരെ മുത്താനല്ല. ഇവിടെക്കൊണ്ടുവന്ന്‍ അവരുടെ സാധനം വില്‍ക്കാനുമല്ല. ഇന്ന് ഏതു ബഹുരാഷ്ട്രഭീമനും ഇന്ത്യയിലേക്കു വരുന്നത് ഉലപ്പന്നങ്ങള്‍ വില്‍ക്കാനാണെങ്കില്‍ അന്ന് ഇന്ത്യയിലേക്ക്‌ വന്നത് ഇവിടെ നിന്ന് കൊണ്ടുപോകാന്‍ ആണ്. നിങ്ങള്‍ പഠിച്ചതു പോലെയല്ല ഞാന്‍ പഠിച്ചത് എന്നേയുള്ളൂ – യൂണിവേഴ്സിറ്റികള്‍ തമ്മിലുള്ള വ്യത്യാസമാവും അതിനു കാരണം എന്ന് തോന്നുന്നു. അത്രയും വലിയ സമ്പന്നരാജ്യത്ത് ജൈവവൈവിധ്യം അതേപോലെ നിലനിന്നത് ഇന്ത്യയിലെ എല്ലാ ഉത്തമചടങ്ങുകളിലും ജൈവവൈവിധ്യത്തെ അംഗീകരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു – അങ്കുരാര്‍പ്പണം – ആ ചടങ്ങിന്‍റെ പിന്നിലെ മനസ്സുകൊണ്ടുമാത്രമായിരുന്നു.
തുടരും…..

Leave a Reply