സന്തോഷ്ട്രോഫി ഫുട്ബോൾ ; മറാത്തയും കീഴടക്കി കേരളം സെമിഫൈനലിലേക്ക്

0

കൊല്‍ക്കത്ത: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി കേരളം സെമിഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മഹാരാഷ്‌ട്രയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ച്‌ രാജകീയമായാണ്‌ കേരളത്തിന്റെ സെമിഫൈനല്‍ പ്രവേശനം.
നായകന്‍ രാഹുല്‍ വി. രാജ്‌, മധ്യനിര താരങ്ങളായ എം.എസ്‌. ജിതിന്‍, കെ.പി. രാഹുല്‍ എന്നിവരാണ്‌ കേരളത്തിന്റെ ഗോളുകള്‍ നേടിയത്‌. ആദ്യ മത്സരത്തില്‍ ചണ്ഡീഗഡിനെ 5-1നും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ 6-0നും കേരളം തോല്‍പിച്ചിരുന്നു.
മണിപ്പൂരിനെതിരേ നിര്‍ത്തിയിടത്തു നിന്നാണ്‌ ഇന്നലെ കേരളം തുടങ്ങിയത്‌. ആദ്യ രണ്ടു മത്സരങ്ങളിലെ ഓള്‍ഔട്ട്‌ അറ്റാക്ക്‌ എന്ന തന്ത്രത്തിനു പകരം പ്രതിരോധവും പ്രത്യാക്രമണവുമാണ്‌ കേരളം ഇന്നലെ പയറ്റിയത്‌.
ബുദ്ധിപൂര്‍വം കളിക്കുന്ന മഹാരാഷ്‌ട്രയ്‌ക്കെതിരേ പ്രതിരോധിച്ചു നിന്ന്‌ അവസരം കിട്ടുമ്പോള്‍ വേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ്‌ കേരളം മുന്നേറിയത്‌. ഇത്തരത്തിലൊരു നീക്കത്തില്‍ നിന്നാണ്‌ ആദ്യ ഗോള്‍.
മഹാരാഷ്‌ട്ര മുന്നേറ്റത്തിന്റെ മുനയൊടിച്ചു സ്വന്തം ഹാഫില്‍ നിന്നു നീട്ടിക്കിട്ടിയ പന്തുമായി കുതിച്ചു കയറിയ കേരളാ താരം വി.കെ. അഫ്‌ദാലിനെ വീഴ്‌ത്തുകയല്ലാതെ മഹാരാഷ്‌ട്രയ്‌ക്കു മറ്റുവഴിയില്ലായിരുന്നു. പ്രമോദ്‌ പാണ്ഡെയുടെ ഫൗളിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നായകന്‍ രാഹുല്‍ വി. രാജ്‌ പിഴവില്ലാതെ ടീമി െമുന്നിലെത്തിക്കുകയും ചെയ്‌തു.
ഒന്നാം പകുതി അവസാനിക്കാന്‍ മൂന്നു മിനിറ്റു ശേഷിക്കെയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍. ഇതും പ്രത്യാക്രമണത്തില്‍ നിന്നാണു പിറന്നത്‌. പ്രതിരോധ നിരയില്‍ നിന്നു ലഭിച്ച പന്തുമായി ഒറ്റയ്‌ക്ക് ഓടിക്കയറിയ എം.എസ്‌. ജിതിന്‍ മിന്നുന്ന ഷോട്ടിലൂടെ ടീമിന്റെ ലീഡ്‌ രണ്ടാക്കി.
ഇടവേളയ്‌ക്കു ശേഷം മഹാരാഷ്‌ട്ര ആക്രമണം കടുപ്പിച്ചെങ്കിലും കേരളാ പ്രതിരോധം ഇളക്കം തട്ടാതെ നിലകൊണ്ടു.
ഒടുവില്‍ മത്സരത്തിന്റെ 58-ാം മിനിറ്റില്‍ രാഹുല്‍ മൂന്നാം ഗോളും നേടി പട്ടിക തികച്ചു. നാളെ ആതിഥേയരായ പശ്‌ചിമ ബംഗാളിനെതിരേയാണ്‌ കേരളത്തിന്റെ അവസാന ഗ്രൂപ്പ്‌ മത്സരം. ഇതില്‍ ജയിക്കുന്നവര്‍ ഗ്രൂപ്പ്‌ ജേതാക്കളാകുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ്‌ ഇരുടീമുകളും ഇറങ്ങുക.

Leave a Reply