ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -27 [സർഗ്ഗങ്ങൾ തുടർച്ച…]

0

ഈ ഹംസം കൈലാസപാര്‍ശ്വത്തിലൂടെ പോകുമ്പോള്‍ രുദ്രനെ കണ്ട് രുദ്രനുമായിത്തീര്‍ന്നാല്‍….

വസിഷ്ഠന്‍ പറയുന്നത്… ജീവടസര്‍ഗം മുതല്‍ ഹംസസര്‍ഗം വരെയുള്ള എണ്ണമറ്റ പരിണാമങ്ങളെ മുഴുവന്‍ മോചിപ്പിക്കുമ്പോള്‍ മാത്രമാണ് അവന് സമ്യക്കായി ഇരിക്കാന്‍ പറ്റുക. ഇതെല്ലാം അവന്‍റെ പൂര്‍വരൂപങ്ങളാണ്. ഇതെല്ലാം അവന്‍റെ പിതൃപിതാമഹന്മാരാണ്. ഇതിന്‍റെ മുഴുവന്‍ ശ്രാദ്ധം ഇല്ലാതെ, ഇതിനെ എല്ലാം നിലനിര്‍ത്തിക്കൊണ്ട്, ഒരു വിവാഹബന്ധത്തിലെ സ്നേഹവും ഭാവവും എങ്ങനെ നിങ്ങള്‍ നിലനിര്‍ത്തും?

ചോദ്യം ആദ്യം മനസ്സിലായോ? നിങ്ങളുടെ വിവാഹത്തില്‍ നാന്ദിശ്രാദ്ധം ഒന്നും നടന്നിട്ടില്ലെങ്കില്‍ കൂടി നിങ്ങളുടെ അനന്തമായ പരമ്പരകളെ മൊഴിമാറുന്ന നിമിഷങ്ങള്‍ അറിഞ്ഞു തിരിച്ചു കൊണ്ട് വന്നാല്‍ സ്നേഹം നിലനിര്‍ത്താം. നിങ്ങളില്‍ ചിലരെങ്കിലും, എല്ലാവരും ഇല്ലാ… ചിലരെങ്കിലും, നടക്കാത്ത പറയാത്ത കാര്യങ്ങളാണ് പറഞ്ഞു വഴക്കുണ്ടാക്കുന്നതു.

“ഞാന്‍ എപ്പോഴാ നിന്നോട് അങ്ങനെ പറഞ്ഞത്?”

“നിങ്ങളല്ലേ മനുഷ്യാ പറഞ്ഞത്? ഞാനല്ലേ കേട്ടത്?”

ഇങ്ങനെ പറയുമോ? പുരുഷന്മാരാണ് പറയേണ്ടത്. ഞാന്‍ ഇവരോട് തിരിച്ചൊന്നു ചോദിക്കാം…

“നീ അങ്ങനെ പറഞ്ഞില്ലേ എന്നോട്? എനിക്ക് മതിയായി. നിനക്കും പിള്ളേര്‍ക്കും വേണ്ടി പകലന്തിയോളം പണിതിട്ട് ഇതുതന്നെ കിട്ടണം.”

നിങ്ങള്‍ പറയുമോ? അവള് പറയുകയാ…

“ഞാന്‍ അങ്ങനെ പറഞ്ഞില്ല… ഞാന്‍ അങ്ങനെ ഉദ്ദേശിച്ചില്ല…” സമ്മതിക്കുമോ?

സമ്മതിക്കില്ല! അപ്പോള്‍ നിങ്ങള്‍ ആലോചിക്കുക… നിങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. നിങ്ങള്‍ ഇവളില്‍ നിന്ന് കേട്ടതല്ല… വേറെ ഏതോ ഒരുത്തിയില്‍ നിന്നും മുമ്പ് എന്നോ നിങ്ങളുടെ പിതാമഹന്‍ കേട്ടതാണ്… പിതാവ് കേട്ടതാണ്…. പ്രപിതാമഹന്‍ കേട്ടതാണ്… നിങ്ങളുടെ ജനിതകത്തില്‍ നിന്ന് ആ പൂര്‍വഭാവം ഉണര്‍ന്നു വരുന്നത് അവള്‍ നടന്നു വരുന്ന രീതി പൂര്‍വപിതാവിന് ബോധ്യമായപ്പോള്‍ ആ നടപ്പില്‍ അവള്‍ പറഞ്ഞു എന്നുള്ളത് കയറി വരുകയാണ്.

ഈ വഴക്കുകള്‍ എങ്ങനെയാണ് ഒരു COUNCELLING കൊണ്ട് മാറ്റുക? ഒരാളെ പോയി കണ്ടു… സൈക്കാട്രിസ്റ്റിനെ പോയി കണ്ടു.

“സാറെ ഞാന്‍ പറഞ്ഞില്ല.”

“മനുഷ്യാ പറഞ്ഞൂന്നങ്ങ് സമ്മതിച്ചേക്ക്.”

“ഓ ശരി… സാറ് പറഞ്ഞതല്ലേ… സമ്മതിച്ചേക്കാം”

“ഞാന്‍ അറിയാതെ നിന്നോടു പറഞ്ഞതാ…”

“ഇനി അത് പറഞ്ഞാ മതി.” സംഗതി അന്നേരം വീണ്ടും മാറി. സൈക്കാട്രിസ്റ്റു വെള്ളത്തിലാകുമോ?

“നിങ്ങള്‍ എത്ര പ്രാവശ്യം ഇങ്ങനെ മാപ്പ് ചോദിച്ചിട്ടുണ്ട്? എത്ര പ്രാവശ്യം എന്നെ പറ്റിച്ചിട്ടുണ്ട്? സാറേ… ചുമ്മാതോന്നുംപറയുകയല്ല.. ഈ മനുഷ്യന്‍ ഒരുത്തന്‍…”

ഇത് എവിടെ തിരുത്തപ്പെടും? ഈ പൂര്‍വരൂപങ്ങള്‍ എവിടെ തിരുത്തപ്പെടും?

ഈ പൂര്‍വരൂപങ്ങള്‍ക്ക്‌ ഉണര്‍ന്നുവരാനുള്ള അന്തരാളമാണ് എല്ലാ സ്നേഹബന്ധങ്ങളും. അനുകൂലങ്ങളും പ്രതികൂലങ്ങളുമായ തന്‍റെ പൂര്‍വരൂപങ്ങള്‍ക്ക്‌ ഉണര്‍ന്നു വന്നു അരങ്ങില്‍ ആടി തീര്‍ക്കാനുള്ള അവസരങ്ങളാണ് മാനവന്‍റെ എല്ലാ സ്നേഹബന്ധങ്ങളും.

നിങ്ങള്‍ സ്നേഹിക്കുന്നത് സൃഷ്ടിക്കുവാനല്ല…. നശിപ്പിക്കുവാനാണ്. നിങ്ങള്‍ സ്നേഹിക്കുന്നത് ശാന്തി നേടുന്നതിനല്ല… അശാന്തി ഉണ്ടാക്കുവാനാണ്.

ഞാന്‍ ദ്വേഷിക്കുന്നത് എന്ന പദമല്ല, സ്നേഹിക്കുന്നത് എന്ന പദമാണ്. സ്നേഹിച്ചു തുടങ്ങിയാല്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങുമോ എന്നാണ് ചോദിച്ചത്. സ്നേഹിക്കുന്നതോട് കൂടി പിണങ്ങാന്‍ തുടങ്ങുമോ എന്നാണ് ചോദിച്ചത്. പ്രബുദ്ധരായ പണ്ഡിതരായ നല്ല ജോലിയുള്ള നല്ല ശമ്പളം പറ്റുന്ന നല്ല സ്ഥിതിയുള്ള നിങ്ങളുടെ വിദ്യാഭ്യാസം തികഞ്ഞ സ്നേഹം പിണങ്ങാനായിരിക്കില്ലേ എന്നാണ് ചോദിച്ചത്. നിങ്ങള്‍ നിങ്ങളോട് ചോദിക്കാത്ത ഒരു ചോദ്യം ഞാന്‍ നിങ്ങളോട് ചോദിച്ചതാ. ഉത്തരം എന്നോട് പറയണം എന്നില്ല. കാരണം എനിക്ക് എന്‍റെതായ ഉത്തരമുണ്ട് നിങ്ങളേക്കുറിച്ച്. ഇത് തുടരുന്നത് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇഷ്ടമായി തോന്നുന്നുണ്ടോ? അതിനു ഉത്തരം എനിക്ക് കിട്ടിയാല്‍ കൊള്ളാം. ചോദ്യം മനസ്സിലായില്ല?! ഇല്ല!

ഇങ്ങനെ തുടരാന്‍ ആഗ്രഹം ഇല്ല. പക്ഷേ….. പക്ഷേ…. തുടരുന്നുണ്ട്. തുടരാന്‍ ഇഷ്ടമില്ലെങ്കിലും തമ്മില്‍ കണ്ടു പോയാല്‍ തുടരുന്നുണ്ട്. അപകടമില്ലാത്ത കുടുംബജീവിതം ഭാര്യയോ ഭര്‍ത്താവോ ഒരാള്‍ ഫോറിനില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ്. കടുംകൈയ്യാണോ?

നെറ്റ് ഉള്ളത് കൊണ്ട്… അതില്‍ കൂടെ ഉണ്ടാക്കും വഴക്ക് അല്ലേ? അവിടെ WORLD WIDE WEB ഞാന്‍ മറന്നു പോയി, അതുകൊണ്ടാ.

അപ്പോള്‍ അത്കൊണ്ട് നിങ്ങള്‍ ഒരു വട്ടം ആലോചിക്കുക. എങ്ങനെ ഈ ജീവടസര്‍ഗം മുതല്‍ ഹംസസര്‍ഗം വരെ നിങ്ങളില്‍ ഉണ്ടായി മറയുന്ന പൂര്‍വരൂപങ്ങളെ ശാന്തമാക്കാം?

കൃത്യമായ മന്ത്രങ്ങള്‍ കൊണ്ട്, വിധിയാംവണ്ണമുള്ള അനുഷ്ഠാനം കൊണ്ട്, വിധിപൂര്‍വകമായ ശ്രാദ്ധം കൊണ്ട്, ശ്രദ്ധ കൊണ്ട്, പ്രിയവും മംഗളവും ഉണ്ടാവും. ശ്രദ്ധയില്‍ നിന്നും ഉണ്ടാകുന്നതാണ് ആ സാധനം. നിങ്ങളിലെ ഒരു പിതാമഹനോ പിതാവോ നിങ്ങളുടെ കൂടെ നടന്നിട്ട് അയാള്‍ നിങ്ങളില്‍ നിന്ന് വിട്ടു പോയി എന്ന് ഉറപ്പാക്കുന്നിലെങ്കില്‍ അയാള്‍ നിങ്ങളുടെ ഒരു SECOND WORLD-ല്‍ നായകനായിരുന്നു നിങ്ങളെ ഭരിക്കും. പിരിഞ്ഞു പോകാത്ത ഈ പിതാവ് നിങ്ങളില്‍ ഇരുന്നുകൊണ്ട് നിങ്ങളുടെ ഭാര്യയോട്‌ അയാളുടെ ഭാര്യയാണെന്നോര്‍ത്തു സംവദിക്കും. ഈ പിതാമഹനും പിതാവും ഒക്കെ, മാതുലനും സംബന്ധിയും ഒക്കെ, നിങ്ങളുടെ ബോധത്തിലിരുന്നു ഈ പണിയൊരുക്കും. സന്യാസമൊക്കെ സ്വീകരിക്കുമ്പോള്‍ 21 തലമുറയുടെ മുന്നോട്ടും പിന്നോട്ടും തന്‍റെയും ശ്രാദ്ധം വച്ചിട്ടേ പോരുകയുള്ളൂ. ഇല്ലെങ്കില്‍ ഓര്‍മ വരും ഞാന്‍ ഇന്നയിടത്ത് ഇന്നാരുടെ മകനാണെന്നും ഇന്നതാണെന്നും ഒക്കെ. ശരിയാംവണ്ണം വിരചാഹോമമൊന്നും കഴിഞ്ഞിട്ടില്ലെങ്കില്‍ ഒരാളെ കാണുമ്പോള്‍ ഇവന്‍റെ പൂര്‍വ ജാതി, പൂര്‍വമതം ഒക്കെ ഉണര്‍ന്നു വരും. അപ്പോള്‍ സന്തോഷസന്താപങ്ങള്‍ ഉണ്ടാകും അടുത്തുവരുന്ന ആളുകളോട്. അപ്പോള്‍ കഥ പറയാന്‍… ചിലരെ അടുത്തിരുത്തി പറയും… ഞാന്‍ പഠിക്കുന്ന കാലത്ത്… ഞാന്‍ അങ്ങനെ പോകുമ്പോള്‍… എന്നൊക്കെ പറഞ്ഞു, സ്വന്തം ജാതിയില്‍ പെട്ടവരോട് ഒരു അനുഭാവം കൂടുതല്‍ ഉണ്ടാക്കി പറയുമ്പോള്‍ അവര്‍ ശിങ്കിടികള്‍ ആയി കൂടും. മനസ്സിലായില്ല?! അങ്ങനെയാ നമ്മളീ സ്വാമിമാരുടെയൊക്കെ ജീവിതവൃത്താന്തങ്ങള്‍ ഒക്കെ അറിയുന്നത്. പിതാമഹനും പിതാവും ഒന്നും വിട്ടു പോവൂല്ല.

Leave a Reply