ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -28 [സർഗ്ഗങ്ങൾ തുടർച്ച…]

0

പെണ്‍കുട്ടി വിവാഹത്തില് ലാജഹോമവും മറ്റും കഴിഞ്ഞു ഗോത്രം വെടിഞ്ഞ് ഭര്‍തൃഗോത്രത്തിലേക്ക് വരുമ്പോളാണ് അവള്‍ക്കവിടെ ഒരു identity അവിടുത്തെതായി ഉണ്ടാകുന്നത്. അവളൊരു identity കൊണ്ടുപോകുന്നില്ല. അത് നമുക്ക് ലാജഹോമം എടുക്കുമ്പോള്‍ പറയാം. അവിടം വരെയൊക്കെ എത്തുമോ എന്നറിയില്ല.

ഗോത്രം മാറും. കാലം, ദേശം, തൊഴില്‍, മാതാപിതാക്കള്‍ ഇതൊക്കെ സജീവമായി നില്‍ക്കും. കാസര്‍ഗോഡ്‌ നിന്ന്… ഒറ്റപ്പാലത്ത് നിന്നൊക്കെ നിങ്ങള് പള്ളിക്കത്തോട്ടുകാര്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അവള്‍ ആദ്യമായിട്ട് സാമ്പാറിന് വറക്കാന്‍ തുടങ്ങുമ്പോള്‍ തേങ്ങ തിരുമ്മും. ഇത് കണ്ട് തള്ള ബഹളം ഉണ്ടാക്കി വരും… “മൂധേവീ, നീ ഇതെന്ത്? മുടിക്കാനാണോ ഇറങ്ങിയിരിക്കുന്നത്?” അവിടെ സാമ്പാറെന്നു പറഞ്ഞാല്‍ തേങ്ങ ഇല്ലാതെ സാമ്പാറല്ല. അവിടെ നിങ്ങടെ ഈ സാമ്പാറിന് പറയുന്ന പേര് പുളിങ്കറി എന്നാണ്! ഈ തേങ്ങ ഇട്ടുണ്ടാക്കുന്ന കറിക്ക് നിങ്ങളിവിടെ പറയുന്ന പേരും പുളിങ്കറി എന്നാണ്! ഇതാണിതിന്‍റെ വ്യത്യാസം. ഇത് തലച്ചോറില്‍ കിടക്കും. ഈ റവയൊക്കെ വറുത്തു മാറ്റി വച്ച് കടുകൊക്കെ പൊട്ടിച്ചു ഒരു മൂന്നിരട്ടി വെള്ളം പാത്രത്തിലൊഴിച്ച് നല്ലപോലെ തിളച്ചു വരുമ്പോള്‍ ഈ റവയതില്‍ ഇട്ടു ഇളക്കി എടുക്കുമ്പോള്‍ അവര്‍ ഉപ്പുമാവ് എന്ന് പറയും. നിങ്ങളിത് കടുക് പൊട്ടിച്ചു റവയുമിട്ടു വറത്തു ചുവന്നു വരുമ്പോള്‍ വെള്ളം കുറേശ്ശെ തളിച്ച് തളിച്ച് പൊന്തി കൊണ്ട് വരുന്നതിനു ഉപ്പുമാവ് എന്ന് പറയും. ശരിയല്ല?! അപ്പോള്‍ ഇതൊക്കെ ഓരോരുത്തരുടെയും സംസ്കാരത്തില്‍ കിടക്കും ഈ സാധനം. നിങ്ങള്‍ പുളിശ്ശേരി ഉണ്ടാക്കുമ്പോള്‍ അതിനകത്ത് വെളുത്തുള്ളി ചതച്ച് ഇടില്ല. അയലോക്കത്ത്‌ ഒരു നസ്രാണി നിങ്ങളെ ഉണ്ണാന്‍ വിളിച്ചാല്‍ നാല് വെളുത്തുള്ളി അതില്‍ ചതച്ച് ഇട്ടിട്ടുണ്ടാവും. ശരിയല്ല?! ഇതില്‍ ഏതു നല്ലത്, ഏതു ചീത്ത എന്നതൊക്കെ വേറെ കാര്യം. അപ്പോള്‍ ഈ സംസ്കാരത്തോട്‌ കൂടി നിങ്ങള്‍ക്ക് പരസ്പരം സ്നേഹിച്ചും ബന്ധപ്പെട്ടും പോകാന്‍ വിഷമമുണ്ടാകും. അതുകൊണ്ട് ഒരുവന് ഒരു സംസ്കൃതിയോടു ഒരു കാര്യത്തോട് യോജിക്കാന്‍ കഴിയണമെങ്കില്‍ അവന്‍റെ പൂര്‍വരൂപങ്ങളെ ഉപസംഹരിച്ചിട്ടു വേണം ബന്ധം തുടങ്ങാന്‍.

വിവാഹത്തില്‍ രണ്ടു പേര്‍ ചേരുകയാണ്. രണ്ടു സങ്കല്പങ്ങളുടെ സമന്വയഭൂവില്‍ അതേവരെയുള്ള വ്യത്യസ്തങ്ങളായ ജീവിതമാതൃകകളും സങ്കല്പങ്ങളും നമുക്ക് പുത്തനായ ഒരു ജീവിതത്തിനും ജന്മത്തിനും വേണ്ടി മാറ്റാം എന്ന് തീരുമാനം എടുക്കുകയാണ് നാന്ദീശ്രാദ്ധത്തിലൂടെ. ഈ തീരുമാനം ഒരാള്‍ എടുത്താലും അവസാനം വരെ ജീവിതം സുഖമാകും. രണ്ടു പേര്‍ എടുത്താലും അവസാനം വരെ ജീവിതം സുഖമാകും. രണ്ടു പേരും എടുക്കണം എന്നില്ല, ഒരാള്‍ എടുത്താല്‍ മതി. പക്ഷേ… “നീഎടുക്ക്… ഞാന്‍ എടുക്കുകേല” എന്ന് പറയരുത്. “ഞാന്‍ എടുക്കാം, നീ എടുക്കണമെന്നില്ല” എന്ന് പറയാന്‍ കഴിയണം. ആരെടുക്കണം? സ്ത്രീയാണിതെല്ലാം എടുക്കേണ്ടത്… പുരുഷനാണ്… എന്നൊന്നും എനിക്ക് അഭിപ്രായമില്ല. നിങ്ങള്‍ക്ക് കുടുംബ ജീവിതം വേണോ? ഒരാള്‍ കുറഞ്ഞത്‌ ഇത് എടുത്തിരിക്കേണം.

“ആ… നിങ്ങള്‍ ആയിക്കോ… ഞാന്‍ ഇങ്ങനെ അങ്ങ് ജീവിക്കാം…” ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടുപേരും വന്നിരിക്കുന്നതില്‍ ഭാര്യ ഭര്‍ത്താവിനേയും ഭര്‍ത്താവ് ഭാര്യയേയും നോക്കുന്നത് ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എന്താ? അങ്ങനെ ആയിക്കൂടെ? ചിലര്‍ ഒന്ന് നോക്കീട്ടു കണ്ണടച്ചു. കാരണം “നമുക്ക് വയസ്സായില്ലേ ഇനി അടുത്ത ജന്മത്തില്‍ നോക്കാം.” ഇനി ഇപ്പോള്‍ അടുത്ത ജന്മത്തില്‍… അപ്പോഴും രണ്ടു പേരും തമ്മിലാണെന്ന് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ “നീയെന്‍റെ ഭര്‍ത്താവും ഞാന്‍ നിന്‍റെ ഭാര്യയും ആയിരിക്കും” എന്ന മട്ടിലാണ്. കൊടുത്തതൊക്കെ വാങ്ങിക്കാനായിരിക്കും.

അപ്പോള്‍ ജീവിതത്തിനു ഇങ്ങനേം ഒരു തലമുണ്ട്‌. അത് ഏതാണ്ട് മനസ്സിലായോ? ഇതിനു നിങ്ങള്‍ നാന്ദിശ്രാദ്ധമൊന്നും കേള്‍ക്കാന്‍ പോകണം എന്നില്ല…. നിങ്ങള്‍ സങ്കല്പിച്ചാല്‍ മതി.. നിങ്ങള്‍ക്ക് അനേക രൂപമുണ്ടെന്നു മനസ്സിലായോ? സമ്മതമായോ? നമ്മള്‍ ഓരോ നിമിഷവും നമ്മുടെ വ്യത്യസ്തരൂപത്തോടാന് ഇടപെടുന്നത്. ഒരു സന്യാസിയോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ സന്യാസിയാണെന്ന് ഓര്‍ത്തുകൊണ്ട്‌ മറ്റെയാള്‍ വര്‍ത്തമാനം പറയുമ്പോള്‍ അയാള്‍ ഗൃഹസ്ഥനായി കഴിഞ്ഞാല്‍ സംഗതി മാറി. ഒരു ഗൃഹസ്ഥനോട് പോയി വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇവന്‍ മൊഴി മാറി സന്യാസിയായിട്ടു നില്‍ക്കുകയാണ്. എന്ത് ചെയ്യാന്‍ പറ്റും? അച്ഛനോട് ഫീസ് ചോദിക്കാന്‍ ചെന്നപ്പോളാണ് അച്ഛന്‍ സന്യാസം സ്വീകരിച്ചു നില്‍ക്കുന്നത്. എന്ത് ചെയ്യും? അര മണിക്കൂര്‍ വേദാന്തം. ഫീസ്‌ തരികയല്ല. പിന്നെ അച്ഛന്‍ വേദാന്തം പറയുന്നത് കേട്ടപ്പം ഫീസും വേണമെന്നില്ല, ഒന്നും വേണമെന്നില്ല, പോണംന്നുമില്ല. സംഗതി അവിടുന്നു രക്ഷപ്പെട്ടാല്‍ മതി എന്നായി. പിന്നെ നോക്കി നില്‍ക്കുന്നത്… ആരെങ്കിലുമുണ്ടോ ഒന്ന് രക്ഷപ്പെടാന്‍ എന്നാണ്‌. ഇതു കാരണം ആളു മാറിയതാണ്. ചിലപ്പോള്‍ ഭാര്യയും ഭര്‍ത്താവും കൂടി ഇരുന്നു വര്‍ത്തമാനം പറയുമ്പോള്‍ ഇങ്ങനെ ഒരു മാറ്റം ഭര്‍ത്താവില്‍ കണ്ടാല്‍ ഉടനെ ഭാര്യ പറയും… “പശുവിനെ നോക്കിയില്ല.” പഴയകാലത്ത് അങ്ങനെയാണ് രക്ഷപ്പെടുന്നത്. ഇപ്പം പശുവും ഇല്ല! മാത്രവുമല്ല എഴുന്നേറ്റു പോകാന്‍ തുടങ്ങിയാല്‍ “ഇരിക്കെന്നെ!…” ഇത് പറയിപ്പിക്കാതെ വിടുമോ?
“നീ അവിടിരി!” “തല വേദനിക്കുന്നു… ഞാന്‍ ഒന്ന് കിടക്കട്ടെ…” “ഇരിയവിടെ!” ഇങ്ങനെയുണ്ടോ?

ഇതാണ് നമ്മുടെ സര്‍ഗങ്ങള്‍… ഇത്തരം ഒരുപാടു സര്‍ഗങ്ങളുണ്ട് നമുക്ക്. ഇതു മുഴുവന്‍ തീരുമ്പോഴാണ് ഒരാള്‍ക്ക്‌ സ്നേഹത്തില്‍ ഇടപെടാന്‍ കഴിയുന്നത്‌. ഇത് പുറത്തു നിന്ന് ആര് കൊണ്ട് തരും? ഏതു മന്ത്രങ്ങള്‍ കൊണ്ട് പറ്റും?

“പിതൃപിതാമഹാതി മാതാപിതാമഹീചൈവ തഥൈവ പ്രപിതാമഹി ഏതാഭവന്തുമേ പ്രീതാ പ്രയശ്ചന്തുജ മംഗളം”

ഇവര്‍ എനിക്ക് മംഗളത്തേ ചെയ്തു തരണം.

“പിതാപിതാമഹശ്ചൈവ തഥൈവ പ്രപിതാമഹ: മാതാമഹസ്ഥത്പിതാജ പ്രമാദാ മഹകാദയക ഏതേ ഭവന്തുമേ പ്രീത പ്രയശ്ചന്തുജ മംഗളം”

അതുകൊണ്ട് ഞാനിത് ഉണ്ടാക്കി വ്യഖ്യാനിച്ചതല്ല. ഇതിനകത്തുണ്ട്. ഈ കാരികകളൊക്കെ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് ഒന്ന് തയ്യാറെടുക്കണം. കഴിക്കാത്തവര്‍ ഇനി. ഈ സര്‍ഗങ്ങളോടെല്ലാം വിടപറഞ്ഞിട്ട് വേണം വിവാഹം കഴിക്കാന്‍. വിവാഹം കഴിച്ചു കഴിഞ്ഞു. ആ രണ്ടു പേരാണ് വിവാഹം കഴിച്ചിരിക്കുന്നത് അവര്‍മാത്രമായി മാത്രമേ ബന്ധമുണ്ടാകാവൂ. ഇതര സര്‍ഗങ്ങള്‍ കയറി വരാന്‍ സമ്മതിക്കരുത്. അപ്പോള്‍ അതിനു ധാരകത്വം (consistency) ഉണ്ടാകും. അതതിന്‍റെ രഹസ്യസ്വഭാവങ്ങളെല്ലാം നിലനില്‍ക്കും.

ഇതിനു ഒരു തടസ്സം കൂടിയുണ്ട് ആധുനികതയില്‍. നിങ്ങളുടെ വൈദ്യശാസ്ത്രം. ഏറ്റവും വലിയ അപകടം നിങ്ങളുടെ വൈദ്യശാസ്ത്രമാണ്. എങ്ങനെയാണ്? ഇതിലിരിക്കുന്ന പ്രായം ചെന്നവര്‍, വളരെ വയസ്സായവര്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പോലും ശരീരം പൂര്‍ണനഗ്നതയില്‍ കണ്ടിട്ടില്ല. കാണണം എന്നവര്‍ക്ക് തോന്നിയിട്ടും ഇല്ല. കുട്ടിയും കുടുംബവും… വെളിച്ചത്തിലായിരുന്നില്ല അവരുടെ ബന്ധങ്ങള്‍. ആധുനികര്‍ ഒരു ജീവിതകാലത്തിനിടയില്‍ സ്ത്രീയും പുരുഷനും അനേകം പേര്‍ക്ക് മുന്‍പില്‍ തന്‍റെ ശരീരം പ്രദര്‍ശിപ്പിക്കണം. പരിശോധനയുടെ ഭാഗമായി. പറഞ്ഞാല്‍ പോര.. ഭാവനയില്‍ അവര്‍ visualize ചെയ്തു മരുന്ന് തന്നാല്‍ പോരാ. കാണണം! കാണുമ്പോള്‍ കാണുന്ന ആളിലും കാണിക്കുന്ന ആളിലും ജീവടാദി സര്‍ഗങ്ങള്‍ പോലെ സര്‍ഗങ്ങള്‍ ഉണ്ടാകുമോ? ചിന്തിച്ചിട്ട് ഉത്തരം പറഞ്ഞാല്‍ മതി… ശാസ്ത്രീയമായി ഉള്‍ക്കൊണ്ടിട്ട് ഉത്തരം പറഞ്ഞാല്‍ മതി. മറ്റൊരുതരത്തില്……

(തുടരും)

Leave a Reply