ദുബൈയില്‍ ചെറിയ കേസുകളില്‍ ഇനി ഓണ്‍ലൈനിലൂടെ ജാമ്യം

0

ദുബൈ പബ്ലിക്​ പ്രോസിക്യൂഷൻ ജാമ്യം നേടാൻ സ്മാർട്ട്​ സേവനം അവതരിപ്പിച്ചു. ചെറിയ കുറ്റകൃത്യങ്ങൾക്ക്​ കേസ്​ രജിസ്റ്റർ ചെയ്താൽ പ്രതികൾക്ക്​ ഓൺലൈനിലൂടെ ജാമ്യം നേടാൻ സാധിക്കുന്നതാണ്​ സംവിധാനം. ദുബൈ ഇൻറർനാഷനൽ അച്ചീവ്​മെൻറ്സ്​ എക്സിബിഷനിലാണ്​ സ്മാർട്ട്​ ജാമ്യ സേവനം അവതരിപ്പിച്ചത്​.

ദുബൈ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട്​ സിറ്റിയാക്കുക എന്ന യുഎഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ്​ പുതിയ സംവിധാനം. കടലാസു ജോലികൾ കുറക്കാനും നടപടികൾ വേഗത്തിലാക്കി നിയമസംവിധാനം കാര്യക്ഷമമാക്കാനും ഇതു വഴി സാധിക്കും. പുതിയ സേവനം അവതരിപ്പിച്ചതോടെ ചെറിയ കേസുകളിൽ അകപ്പെടുന്നവരുടെ പാസ്​പോർട്ട്​ കണ്ടുകെട്ടുന്നത്​ ദുബൈ പബ്ലിക്​ പ്രോസിക്യൂഷൻ അവസാനിപ്പിക്കും. പകരമായി കേസ്​ വിവരങ്ങൾ ഇലക്​ട്രോണിക്​ മാർഗത്തിൽ രജിസ്റ്റർ ചെയ്യും. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നതോടെ സ്മാർട്ട്​ സംവിധാനം ഇതു സംബന്ധിച്ച വിവരങ്ങൾ അതിർത്തി ചെക്​പോസ്റ്റുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കൈമാറും.

ചെറു കുറ്റകൃത്യങ്ങൾക്കും ധനവിനിമയവുമായി ബന്ധപ്പെട്ട ചില കേസുകൾക്കും മാത്രമാണ്​ സ്മാർട്ട്​ ജാമ്യ സേവനം ലഭിക്കുകയെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ വ്യക്തമാക്കി. ആദ്യമായി ജബൽ അലി പൊലീസ്​ സ്റ്റേഷനിലാണ്​ സ്മാർട്ട്​ ജാമ്യ സംവിധാനം ആരംഭിക്കുകയെന്നും ഈ വർഷം പകുതിയോടെ മറ്റു പൊലീസ്​ സ്റ്റേഷനുകളിലേക്ക്​ വ്യാപിപ്പിക്കുമെന്നും ദുബൈ അറ്റോർണി ജനറൽ ഇസ്സാം ഈസ അൽ ഹുമൈദാൻ അറിയിച്ചു. ദുബൈ പബ്ലിക്​ പ്രോസിക്യൂഷൻ, ദുബൈ പൊലീസ്​ എന്നിവയുടെ സഹകരണത്തിലാണ്​ സംവിധാനം നടപ്പാക്കുന്നത്.

Leave a Reply