ബ്രിട്ടനില്‍ എത്തുന്ന മോദി വിവിഐപി

0

കോമണ്‍വെല്‍ത്ത് രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലെത്തുന്നത്. മുമ്പെങ്ങും കാണാത്ത രീതിയിലുള്ള സ്വീകരണം. യുഎസ് പ്രസിഡന്റിന് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് ബ്രിട്ടന്‍ മോദിയ്ക്കായി ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇംഗ്ലണ്ടിലെത്തുന്നത്.

ആ അവസരത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ച ഏക നേതാവാണ് മോദി. വ്യാഴാഴ്ചത്തെ ഉച്ചകോടിയ്ക്ക് മുന്നോടിയായി ബുധനാഴ്ച മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രണ്ടു തവണ ചര്‍ച്ചകള്‍ നടത്തും. മേ മോദിയ്ക്കായി അത്താഴ വിരുന്നും ഒരുക്കും.

മോദി ഉള്‍പ്പെടെ മൂന്നു രാഷ്ട്രീയ നേതാക്കള്‍ക്കേ ബ്രിട്ടീഷ് രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളൂ. രാജ്ഞിയും ഇവര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട് . ചാള്‍സ് രാജകുമാരനും പ്രധാനമന്ത്രിയ്ക്കായി പ്രത്യേക വിരുന്നു ഒരുക്കുന്നുണ്ട്. ഇന്ത്യ യുകെ സാങ്കേതിക സഹകരണത്തിന്റെ പ്രതീകമായി ടാറ്റാ മോട്ടോഴ്‌സ് ഇറക്കിയ ആദ്യ ഇലക്ട്രിക് ജാഗ്വറില്‍ ചാള്‍സ് രാജകുമാരന്‍ യാത്ര നടത്തും.
സ്വീഡനില്‍ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന മോദി ബുധനാഴ്ച രാവിലെയാണ് മേയുമായി കൂടിക്കാഴ്ച നടത്തുന്നത്. തുടര്‍ന്ന് ലണ്ടനിലെ സയന്‍സ് മ്യൂസിയം സന്ദര്‍ശിക്കും.52 രാഷ്ട്രതലവന്മാരാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മോദിയ്ക്ക് മാത്രമായി പ്രത്യേക ലിമോസിന്‍ കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് മോദി നടത്തിയ ഇംഗ്ലണ്ട് സന്ദര്‍ശനം ചരിത്ര സംഭവമായിരുന്നു. വെംബ്ലി സ്‌റ്റേഡിയത്തില്‍ 60000 ത്തോളം വരുന്ന ഇന്ത്യന്‍ വംശജരെയാണ് മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും അന്ന് അഭിസംബോധന ചെയ്യുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും അന്ന് മോദി പ്രസംഗിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Leave a Reply